നവവധു ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയിൽ
Saturday, December 7, 2024 9:11 AM IST
തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് കസ്റ്റഡിയിൽ. കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. ഇന്ദുജയുടെ അച്ഛന്റെ പരാതിയിലാണ് ഇവരുടെ ഭർത്താവ് അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പാലോട് ഇളവട്ടത്ത് വെള്ളിയാഴ്ച ആണ് സംഭവം. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാനായി അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഭർതൃവീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
മൂന്ന് മാസം മുന്‍പായിരുന്നു അഭിജിത്തിന്റെയും ഇന്ദുജയുടെയും വിവാഹം. രണ്ട് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
മൂന്ന് മാസം മുമ്പ് പെൺകുട്ടിയെ അഭിജിത്ത് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തിൽവച്ച് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരൻ ആണ്.