ഗുരുവായൂര്‍ ആനയോട്ടം; ബാലു ജേതാവ്
Monday, March 10, 2025 6:57 PM IST
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു ജേതാവായി. ചെന്താമരാക്ഷന് രണ്ടാം സ്ഥാനം നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു.
ഉത്സവത്തിന്റെ ഭാഗമായുള്ള ആനയില്ലാ ശിവേലി ആനയോട്ടത്തിന് മുന്‍പ് നടത്തിയിരുന്നു.12 ആനകളെയാണ് നേരത്തെ ആനയോട്ടത്തിനായി നിശ്ചയിച്ചിരുന്നത്. അതില്‍ നറുക്കെടുത്താണ് അഞ്ചാനകളെ ഓട്ടത്തിനായി തെരഞ്ഞെടുത്തത്.
സുരക്ഷ മുൻനിർത്തി ഇത്തവണ ആനയോട്ടത്തിൽ പങ്കെടുത്ത ആനകൾക്ക് ഊട്ട് നൽകിയത് ആനക്കോട്ടയിലാണ്. പത്തുദിവസത്തെ ഉത്സവച്ചടങ്ങുകൾ ഇന്ന് രാത്രി ആരംഭിക്കും.
ഗുരുവായൂരിലേക്ക് എത്തുന്നവർക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ പറഞ്ഞു.