അങ്ങനെ നമ്മൾ ഇതും നേടി; സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷം: മുഖ്യമന്ത്രി
Friday, May 2, 2025 12:29 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം കേരളത്തിന് സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നു മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. അങ്ങനെ അതും നമ്മള് നേടിയെടുത്തു. അഭിമാനനിമിഷമാണിത്. മൂന്നാം മില്ലെനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനിംഗിലൂടെ നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തുറമുഖമായി മാറുന്നു. ഇത് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. നാടിന്റെ ഒരുമയും നമ്മുടെ ഐക്യവുമാണ് ഇത്തരം പദ്ധതി പൂർത്തിയാക്കാൻ കാരണമാകുന്നത്. നല്ല രീതിയിൽ സഹകരണം നൽകിയ അദാനി ഗ്രൂപ്പിനും നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിനു സമർപ്പിച്ചത്. തുറമുഖത്ത് തയാറാക്കിയ പ്രത്യേകവേദിയിലായിരുന്നു ചടങ്ങുകൾ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പുറമേ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.