തിരിച്ചടി തുടർന്ന് ഇന്ത്യ; പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു
Saturday, May 3, 2025 11:47 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ.
പാക്കിസ്ഥാനിൽ ഉത്പാദിപ്പിക്കുന്നതോ ആ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചിരിക്കുന്നു.
ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപര്യങ്ങൾക്കനുസരിച്ചാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിരോധനത്തിന്മേൽ എന്തെങ്കിലും ഇളവ് ആവശ്യമായി വന്നാൽ ഇന്ത്യാ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്- വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.