വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് യുവതിക്ക് നേരെ ആസിഡ് ആക്രമണം
Saturday, May 3, 2025 1:46 PM IST
ലക്നോ: ഉത്തർപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മാവു ജില്ലയിലെ അസംഗഡിൽ 25കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
റാം ജനം സിംഗ് പട്ടേൽ എന്നയാളാണ് യുവതിയെ ആക്രമിച്ചത്. ഇയാളും യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്തിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചു.
ഇതറിഞ്ഞ റാം ജനം സിംഗ് വിവാഹത്തെ എതിർത്തു. വ്യാഴാഴ്ച ബാങ്കിൽ നിന്നും പണമെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഇയാളും മറ്റുരണ്ടുപേരും ചേർന്ന് തടഞ്ഞ് നിർത്തുകയും മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണത്തിൽ യുവതിയുടെ മുഖത്തിനും കഴുത്തിനും കൈയ്ക്കും പരിക്കുണ്ട്. 60 ശതമാനം പൊള്ളലേറ്റ യുവതി അസംഗഡിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ റാം ജനം സിംഗിനെയും ഇയാളുടെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.