കെപിസിസി നേതൃമാറ്റം; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും: കെ.സുധാകരന്
Saturday, May 3, 2025 6:06 PM IST
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാന്‍ഡ് എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് കെ.സുധാകരന് എംപി. അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മല്ലികാര്‍ജുൻ ഖാര്‍ഗയേയും രാഹുല്‍ഗാന്ധിയേയും സുധാകരന് കണ്ടതിന് പിന്നാലെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ച് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്ത് നിന്ന് ലഭിച്ച പരാതികളിലാണ് ചര്‍ച്ച നടന്നത്.
തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യചത്തില്‍ സംഘടന സംവിധാനം ശക്തമാക്കണമെന്ന നിര്‍ദ്ദേശം സുധാകരന് നല്കി. ദേശീയ തലത്തില്‍ പുനസംഘടന നടക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും മാറ്റങ്ങളുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നേതൃമാറ്റത്തെ കുറിച്ച് തന്നോട് സൂചിപ്പിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.