സൗഹൃദം അവസാനിപ്പിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തി സഹപാഠി
Monday, May 5, 2025 12:13 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ സൗഹൃദം അവസാനിപ്പിച്ചതിന് സഹപാഠിയെ കൊലപ്പെടുത്തി വിദ്യാർഥി. ധാർ ജില്ലയിലാണ് സംഭവം.
17കാരിയായ പ്ലസ് ടു വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. ഉമർബാൻ പോലീസ് പോസ്റ്റിന്റെ പരിധിയിലുള്ള കൃഷിയിടത്തിൽ ശനിയാഴ്ചയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തിൽ വിദ്യാർഥിനിയെ സഹപാഠി ശല്യം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചു.
താനുമായുള്ള സൗഹൃദം പെൺകുട്ടി അവസാനിപ്പിച്ചതോടെയാണ് താൻ കൃത്യം നടത്താൻ തീരുമാനിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒരു കൃഷിയിടത്തിൽ വരണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇവിടെ വച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാൾ പെൺകുട്ടിയെ കൊല്ലുകയായിരുന്നു.