തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞു; രണ്ട് യുവാക്കൾ മരിച്ചു
Monday, May 5, 2025 8:26 PM IST
തിരുവനന്തപുരം: സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍ (19), ടിനോ (20) എന്നിവരാണ് മരിച്ചത്.
സ്കൂട്ടറിന് പിന്നിലുണ്ടായിരുന്ന സുഹൃത്ത് അന്‍സാരിയെ (19) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 ഓടുകൂടി കുമരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം.
വിഴിഞ്ഞം ഭാഗത്തുനിന്നും പൂന്തുറയിലെ പള്ളിയിൽ ഗാനമേള കാണാൻ വന്നതായിരുന്നു മൂന്ന് യുവാക്കളും. പുതുക്കാട് മണ്ഡപത്തിനു സമീപത്തെത്തിയപ്പോള്‍ സ്കൂട്ടർ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുകയറി മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരം പൂന്തുറ പൊലീസില്‍ അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് മൂന്നുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാരോണിനെയും ടിനോയെയും രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അപകടത്തിൽ പൂന്തുറ പോലീസ് കേസെടുത്തു. അൻസാരിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.