ഡിസി ബുക്സ് തെറ്റ് സമ്മതിച്ചു; ആത്മകഥാ വിവാദത്തിൽ തുടർനിയമനടപടികൾക്കില്ലെന്ന് ഇ.പി
Tuesday, May 6, 2025 2:21 PM IST
കണ്ണൂര്‍: ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ തുടർ നിയമനടപടികൾക്കില്ലെന്ന് ഇ.പി ജയരാജൻ. ഡിസി ബുക്സ് തെറ്റ് സമ്മതിച്ചെന്ന് ഇ.പി പ്രതികരിച്ചു.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി. തെറ്റ് അംഗീകരിച്ചുകൊണ്ട് ഡിസി ബുക്സ് വക്കീൽ നോട്ടീസിന് മറുപടി അയച്ചിരുന്നു. തനിക്ക് ആരോടും പ്രതികാര മനോഭാവമില്ല. പകരം വീട്ടാനോ കുടിപ്പക വീട്ടാനോ ലക്ഷ്യംവച്ച് നടക്കുന്ന രാഷ്ട്രീയക്കാരനല്ല താനെന്നും ഇ.പി പറഞ്ഞു.
പാലക്കാട്ടെ ഇടതുസ്ഥാനാര്‍ഥി പി.സരിനെയും രണ്ടാം പിണറായി സര്‍ക്കാരിനെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരില്‍ പുറത്തുവന്നിരുന്നു. പിന്നാലെ ഇതെല്ലാം നിഷേധിച്ചുകൊണ്ട് ഇ.പി.രംഗത്തുവന്നിരുന്നു.
ആത്മകഥ എഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തനിക്കും പാർട്ടിക്കും എതിരായ ഗൂഢാലോചനയെന്നുമായിരുന്നു ഇപിയുടെ വാദം. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി ഡിജിപിക്ക് പരാതിയും നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിസി ബുക്സിന്റെ പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറിനെ പ്രതിയാക്കി കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു. അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കയാണ് ഇപിയുടെ നാടകീയ നീക്കം.