ബലൂചിസ്ഥാനില്‍ സൈനിക വാഹനത്തിന് നേരെ സ്ഫോടനം; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
Wednesday, May 7, 2025 1:34 AM IST
ബലൂചിസ്ഥാന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. തടവുകാരുമായി പോയ വാഹനം അക്രമികള്‍ തടഞ്ഞാണ് സ്ഫോടനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വാഹനത്തില്‍ നാല്പതോളം തടവുകാര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി. അതിനുശേഷമാണ് ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തത്. ഏഴുപട്ടാളക്കാര്‍ക്ക് ജീവന് നഷ്ടമായതായും പാക് സൈന്യം അറിയിച്ചു.
ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് സൈന്യത്തിന് ഏറെ തലവേദന ഉണ്ടാക്കുന്ന സംഘടനയാണ് ബിഎല്‍എ. പാക്കിസ്ഥാന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍.
ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎല്‍എ.