ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; സംഭവവികാസങ്ങൾ നിരീക്ഷിച്ച് പ്രധാനമന്ത്രി
Wednesday, May 7, 2025 5:55 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ കര-വ്യോമ സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ നിരന്തരം നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലിരുന്ന് തത്സമയ സംഭവവികാസങ്ങൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ അദ്ദേഹത്തെ നിരന്തരം വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ പ്രധാനമന്ത്രിയും കരസേന, നാവികസേന, വ്യോമസേനാ മേധാവികളും തമ്മിൽ ഒന്നിലധികം ചർച്ചകൾ നടന്നു.
പഹൽഗാം ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളിൽ നടത്തിയ നിരവധി വിലയിരുത്തലുകളെ തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ വിഭാവനം ചെയ്തതും ആസൂത്രണം ചെയ്തതും എന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യം വച്ചിട്ടില്ലെന്നും അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്രം അറിയിച്ചു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂർ, മുരിഡ്കെ എന്നിവയുൾപ്പെടെ അഞ്ച് സ്ഥലങ്ങളിലും പാക് അധിനിവേശ കാഷ്മീരിലെ കോട്ലി, മുസാഫറാബാദ്, ബാഗ് എന്നീ നാല് സ്ഥലങ്ങളിലുമാണ് മിസൈൽ ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ഇന്ത്യ, അമേരിക്ക, യുകെ, റഷ്യ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.