"സിന്ദൂരം ഇളകാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ മുദ്ര കൂടിയാണ്': സൈന്യത്തെ അഭിനന്ദിച്ച് മോഹന്‍ലാല്‍
Wednesday, May 7, 2025 2:44 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. പാരമ്പര്യത്തിന്റെ ഭാഗം എന്ന നിലയില്‍ മാത്രമല്ല നാം സിന്ദൂരം തൊടുന്നത്, നമ്മുടെ ഇളകാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ മുദ്രയായി കൂടിയാണെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
"വെല്ലുവിളി വരുമ്പോള്‍ നാം ഉയരും, എപ്പോഴത്തേതിലും ഭയരഹിതമായും ശക്തമായും. ഇന്ത്യന്‍ ആര്‍മിയിലെയും നേവിയിലെയും എയര്‍ ഫോഴ്സിലെയും ബിഎസ്എഫിലെയും ഓരോ ധീര ഹൃദയങ്ങള്‍ക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളിലെ അഭിമാനത്തെ ഉണര്‍ത്തുന്നത്. ജയ് ഹിന്ദ്'- മോഹന്‍ലാല്‍ കുറിച്ചു. നേരത്തെ മമ്മൂട്ടിയും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.