ഓപ്പറേഷൻ സിന്ദൂർ: രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി
Wednesday, May 7, 2025 3:17 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാഷ്ട്രപതി ദ്രൗമതി മുർമുവുവിനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിൽവച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയുടെ തിരിച്ചടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പ്രധാനമന്ത്രി രാഷ്ട്രപതിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ രാഷ്ട്രപതിയുടെ ഓഫീസ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലാണ് നടന്നത്. രാത്രിയിലുടനീളം മോദി ഓപ്പറേഷൻ നിരീക്ഷിച്ചിരുന്നു. സൈനിക മേധാവിമാരുമായും പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്നു പുലർച്ചെ 1:05 മുതൽ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങൾ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവർ സംയുക്തമായാണ് നടത്തിയത്. മുറിദ്കെ, ബഹവൽപൂർ, കോട്ലി, ഗുൽപൂർ, ഭീംബർ, ചക് അമ്രു, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
ഭീകരരുടെ റിക്രൂട്ട് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്തു. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നുംസൈന്യം അറിയിച്ചിരുന്നു.