സൈനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യംവച്ച് പാക്കിസ്ഥാന്; തിരിച്ചടിച്ചെന്ന് ഇന്ത്യ
Thursday, May 8, 2025 4:02 PM IST
ന്യൂഡല്‍ഹി: സൈനിക കേന്ദ്രങ്ങൾ അടക്കം ഇന്ത്യയിലെ വിവിധ നഗരങ്ങളിലായുള്ള 15 ഇടങ്ങളിൽ പാക്കിസ്ഥാന് ആക്രമണത്തിന് ശ്രമം നടത്തിയെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ശക്തമായ തിരിച്ചടി നല്‍കിയതായി ഇന്ത്യ അറിയിച്ചു.
തിരിച്ചടിയില്‍ പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തു. ലാഹോറിലെ അടക്കം വ്യോമപ്രതിരോധ സംവിധാനമാണ് തകര്‍ത്തത്.
ജമ്മു കാഷ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിയിട്ടുണ്ട്.
പാക്കിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. അതിർത്തി പൂർണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.