കൊല്ലപ്പെട്ടത് വിമാനറാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളിയടക്കം അഞ്ച് കൊടുംഭീകരർ; വിവരങ്ങൾ പുറത്തുവിട്ട് സൈന്യം
Saturday, May 10, 2025 3:09 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് സൈനികവൃത്തങ്ങൾ. ലഷ്കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.
ലഷ്കർ പ്രവർത്തകൻ മുദാസർ ഖാദിയാൻ ഖാസ്, ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരീഭർത്താവ് ഹാഫിസ് മുഹമ്മദ് ജമീൽ, അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭർത്താവായ മുഹമ്മദ് യൂസുഫ് അസ്ഹർ, ലഷ്കർ ഭീകരൻ അബു ആകാഷ എന്നറിയപ്പെടുന്ന ഖാലിദ്, ജയ്ഷെ മുഹമ്മദ് പ്രവർത്തകൻ മുഹമ്മദ് ഹസൻ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരിൽ മുഹമ്മദ് യൂസുഫ് അസ്ഹർ കാണ്ഡഹാർ വിമാന റാഞ്ചൽ കേസില്‍ ഇന്ത്യ തേടുന്ന ഭീകരൻ കൂടിയാണ്. ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട ഭീകരരുടെയെല്ലാം സംസ്കാരച്ചടങ്ങുകൾ നടന്നത് പാക് സർക്കാരിന്റെ ബഹുമതികളോടെയാണ്. പാക്കിസ്ഥാൻ സേനയുടെ തണലിൽ ആണ് ഇവർ ഭീകരപ്രവർത്തനങ്ങൾ നടത്തിയത്.
ഇവരിൽ ലഷ്കർ പ്രവർത്തകൻ മുദാസർ ഖാദിയാൻ ഖാസിന്റെ സംസ്കാരച്ചടങ്ങിൽ പാക് സൈന്യത്തിലെ ഒരു ലഫ്റ്റനന്റ് ജനറലും പാക് പഞ്ചാബ് പോലീസ് ഐജിയും പങ്കെടുത്തിരുന്നു. കൂടാതെ അബു ആകാഷയുടെ ഫൈസലാബാദിൽ നടന്ന സംസ്കാരച്ചടങ്ങിലും പാക്കിസ്ഥാൻ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡപ്യൂട്ടി കമ്മീഷണറും പങ്കെടുത്തു.