ജൂണിയർ അഭിഭാഷകയെ മർദിച്ച കേസ്; അഡ്വ.ബെയ്ലിൻ ദാസിനെ ബാര്‍ കൗണ്‍സില്‍ വിലക്കി
Wednesday, May 14, 2025 6:41 PM IST
തിരുവനന്തപുരം: ജൂണിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ അഡ്വ.ബെയ്ലിൻ ദാസിനെതിരെ നടപടിയുമായി ബാര്‍ കൗണ്‍സില്‍. അഡ്വ.ബെയ്ലിൻ ദാസ് പ്രാക്ടീസ് ചെയ്യുന്നത് ബാർ കൗൺസിൽ വിലക്കി.
അച്ചടക്ക നടപടി കഴിയുന്നതുവരെയാണ് വിലക്കെന്നും ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു. ബാർ കൗൺസിൽ ഭാരവാഹികൾ അഭിഭാഷകനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
നടന്നത് അസാധാരണ സംഭവമാണെന്നും ബാർ കൗൺസിൽ ചെയർമാൻ ടി.എസ്.അജിത്ത് പറഞ്ഞു. അതേസമയം ഒളിവിൽ കഴിയുന്ന ബെയ്ലിൻ ദാസിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് വഞ്ചിയൂർ കോടതിയ്ക്കു സമീപമുള്ള ബെയ്ലിൻ ദാസിന്റെ ഓഫീസിൽവച്ചാണ് ജൂണിയര്‍ അഭിഭാഷക ശ്യാമിലിക്ക് മർദനമേറ്റത്. കഴിഞ്ഞയാഴ്ച ജോലിയിൽ നിന്നു നീക്കിയ ശ്യാമിലിയെ തിരികെവിളിച്ച് ജോലിയിൽ പ്രവേശിക്കാൻ ബെയ്ലിൻ ദാസ് നിർദേശിച്ചിരുന്നു.
തന്നെ ജോലിയിൽ നിന്നു മാറ്റാനുള്ള കാരണം ചോദിച്ചപ്പോഴാണ് ബെയ്ലിൻ ദാസ് മർദിച്ചതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.