ഗുണ്ടകളും കൊലയാളികളും ഉള്‍പ്പെടുന്ന സംഘമായി സിപിഎം മാറി: വി.ഡി.സതീശന്
Wednesday, May 14, 2025 10:28 PM IST
തിരുവനന്തപുരം: കണ്ണൂർ മലപ്പട്ടത്തുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഗുണ്ടകളും കൊലയാളികളും ഉള്‍പ്പെടെയുള്ള ക്രിമിനലുകളുടെ സംഘമായി കേരളത്തിലെ സിപിഎം മാറി.
പിണറായി വിജയനും എം.വി.ഗോവിന്ദനും സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കണമെന്നും എത്ര ഭീഷണി മുഴക്കിയാലും കോണ്‍ഗ്രസ് മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും വി.ഡി.സതീശന് പറഞ്ഞു. ഏത് പാര്‍ട്ടി ഗ്രാമത്തിലും കോണ്‍ഗ്രസ് കടന്നുവരും.
പാര്‍ട്ടി ക്രിമിനലുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഇറക്കി തടുക്കാമെന്ന് ഒരു സിപിഎം നേതാവും കരുതേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സുധാകരന് എംപി പ്രസംഗിക്കുന്നതിനിടെ വേദിക്ക് നേരെ കല്ലെറിയാനും പദയാത്രയ്ക്ക് നേതൃത്വം നല്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്യാനും സിപിഎം ക്രിമിനലുകള്‍ ശ്രമിച്ചു.
സമാധാനപരമായി പദയാത്ര സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് ശ്രമിച്ച പോലീസ് സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണമൊരുക്കിയ നാണംകെട്ട കാഴ്ചയാണ് കേരളം കണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.