"അല്പം ഉത്തരവാദിത്തം കാട്ടണം': കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപത്തില്‍ വിമർശനവുമായി സുപ്രീം കോടതി
Thursday, May 15, 2025 1:48 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട് കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.
മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്നും രാജ്യം ദുര്‍ഘട സന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഭരണഘടന പദവിയിലിരിക്കുന്നവരും ഉത്തരവാദിത്തം കാട്ടണമെന്നും കോടതി ആഞ്ഞടിച്ചു. കേസെടുത്തതിനെതിരെ മന്ത്രി നല്കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം.
ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്, ജസ്റ്റീസ് അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണഘടനാ പദവി വഹിക്കുന്നയാള്‍ ആ പദവിയുടെ അന്തസ് പുലര്‍ത്തണം. ഒരു മന്ത്രി ഉച്ചരിക്കുന്ന ഓരോ വാക്കും ഉത്തരവാദിത്തത്തോടെയായിരിക്കണം. എന്തു തരം പരാമര്‍ശമാണത്. നിങ്ങള്‍ അല്പം വിവേകം കാണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
താന്‍ വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ചതായി വിജയ് ഷാ കോടതിയെ അറിയിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും മന്ത്രി വാദിച്ചു. മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍, തന്റെ അറസ്റ്റ് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണമെന്നും വിജയ് ഷാ ആവശ്യപ്പെട്ടു.
അതേസമയം, കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റടക്കം നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.