കാമുകനെ ഫോണ് വിളിക്കുന്നതിനിടെ ശല്യം ചെയ്തു; അമ്മ മകനെ പൊള്ളിച്ചു
Thursday, May 15, 2025 5:52 PM IST
കാസർഗോഡ്: ഫോണ് വിളിക്കുന്നതിനിടെ ശല്യം ചെയ്തതിന് അമ്മ മകനെ പൊള്ളിച്ചു. പള്ളിക്കരയിലാണ് പത്ത് വയസുകാരനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചത്.
കുട്ടിയുടെ അച്ഛന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടിയെ പൊള്ളിച്ചതിനും കുട്ടിയുടെ അമ്മയെ കാണാതായതിനുമാണ് കേസെടുത്തിരിക്കുന്നത്. യുവതി കാമുകനൊപ്പം പോയതായാണ് വിവരം.
ഏപ്രിൽ 28നാണ് കുട്ടിയെ മാതാവ് പൊള്ളിച്ചത്. ഇവർ കാമുകനെ വീഡിയോ കോൾ ചെയ്യുന്നത് കുട്ടി ചോദ്യം ചെയ്തതിലുള്ള ദേഷ്യത്തിലാണ് പാത്രം ചൂടാക്കി കുട്ടിയുടെ വയറിൽ പൊള്ളൽ ഏൽപ്പിച്ചത്.
മേയ് മൂന്ന് മുതലാണ് യുവതിയെ കാണാതായത്. അമ്മ പോയതിനുശേഷം കുട്ടി തന്റെ അച്ഛന്റെ അമ്മയോട് പൊള്ളലേറ്റ വിവരം വെളിപ്പെടുത്തുകയായിരുന്നു. പൊള്ളിച്ച വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്.