നരഭോജിക്കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു; ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമെത്തി
Thursday, May 15, 2025 9:14 PM IST
മലപ്പുറം: കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കാളികാവിലെത്തി. 50 ക്യാമറ ട്രാപ്പുകള്‍ക്കു പുറമെ മൂന്ന് കൂടുകളും സ്ഥാപിക്കും.
മൂന്ന് പ്രത്യേക സംഘങ്ങളാണ് ദൗത്യത്തിനായി ഇറങ്ങുന്നത്. ഡ്രോണ്‍ സംഘം വെള്ളിയാഴ്ച രാവിലെയോടെ എത്തും. ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്തുമെന്ന് ഡോ.അരുണ്‍ സക്കറിയ പറഞ്ഞു. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കാല്‍പ്പാടുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പൂര്‍ണ ആരോഗ്യവാനാണ് കടുവയെന്നാണ് പ്രാഥമിക നിഗമനം. 50 ആര്‍ആര്‍ടി സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. ഇവര്‍ അരുണ്‍ സക്കറിയ ഉള്‍പ്പെട്ട സംഘത്തിനൊപ്പം ചേരും.
ആവശ്യമെങ്കില്‍ നാളെ കൂടുതല്‍ പേരെയെത്തിക്കും. ദൗത്യത്തില്‍ മൂന്ന് ഡോക്ടര്‍മാരുമുണ്ട്. കടുവയെ കണ്ട സ്ഥലത്ത് തെരച്ചില്‍ നടത്തുക വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബർ ടാപ്പിംഗിനു പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂറാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.