സാധാരണ സിപിഎം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്ന് ചെന്നിത്തല
Friday, May 16, 2025 3:04 PM IST
തിരുവനന്തപുരം: സാധാരണ സിപിഎം ചെയ്യുന്ന പണിയാണ് കള്ളവോട്ട് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജി. സുധാകരൻ പറഞ്ഞ കാര്യങ്ങളിൽ കേസെടുക്കുമെന്ന് ആയപ്പോഴാണ് 'ഭാവന' എന്ന് തിരുത്തി പറഞ്ഞത്. ഇനി കള്ളവോട്ട് തടയണമെങ്കിൽ ആധാറുമായി ലിങ്ക് ചെയ്യാതെ അത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു
കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സിപിഎം വിളിക്കുന്നത്. അതിനാൽ തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നു എന്നത് സത്യമാണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വെളിപ്പെടുത്തലിൽ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനെതിരേ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം ആലപ്പുഴ പോലീസാണ് കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരമാണ് കേസ്. ഇതു സംബന്ധിച്ച് സൗത്ത് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
1989 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു തിരുത്തി എന്നാണ് ജി. സുധാകരൻ പരസ്യമായി പറഞ്ഞത്. വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരൻ മലക്കംമറിയുകയാണുണ്ടായത്.
പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടില്ലെന്നും അല്പം ഭാവന കലര്‍ത്തിയാണ് താൻ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. ഇതൊന്നും പ്രശ്നമാക്കേണ്ടെന്നും താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരേയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സുധാകരനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയതിന് പിന്നാലെ അമ്പലപ്പുഴ തഹസിൽദാര്‍ കെ.അൻവറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സുധാകരന്റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മൊഴിയെടുത്തത്.