പാക്കിസ്ഥാൻ കണ്ടത് വെറും ട്രെയിലര്‍; ബ്രഹ്മോസ് മിസൈലുകൾ പ്രയോഗിച്ചെന്ന് പ്രതിരോധമന്ത്രി
Friday, May 16, 2025 3:22 PM IST
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ യശസുയർത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷന് അവസാനിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ കണ്ടത് വെറും ട്രെയിലര്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ഭുജ് വ്യോമതാവളത്തില്‍ വ്യോമസേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാക്കിസ്ഥാന് ലഭിക്കുന്ന പണം മുഴുവനും ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിനായി വിനിയോഗിക്കുമെന്നതിനാല്‍ അവർക്ക് അനുവദിച്ച ധനസഹായം കൈമാറുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയനിധിയോട് മന്ത്രി ആവശ്യപ്പെട്ടു. മുരിദ്കെയിലേയും ഭവല്‍പുരിലേയും ലഷ്കര്‍-ഇ-തൊയ്ബയുടെയും ജെയ്ഷെ മുഹമ്മദിന്റെയും താവളങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ധനസഹായം പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി വിനിയോഗിക്കും. പാക്കിസ്ഥാന്
നല്കുന്ന എല്ലാ ധനസഹായവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പാക്കിസ്ഥാന് ഇപ്പോള്‍ പ്രൊബേഷന്‍ അനുവദിച്ചിരിക്കുകയാണ്. നല്ല നടപ്പിലേക്ക് നീങ്ങുകയാണെങ്കില്‍ പാക്കിസ്ഥാന് തന്നെയാണ് നല്ലത്. അല്ലാത്തപക്ഷം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള കടുത്ത ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം പാക്കിസ്ഥാന് നേരെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ പ്രയോഗിച്ചെന്നും മന്ത്രി സ്ഥിരീകരിച്ചു. ബ്രഹ്മോസ് കരുത്തിൽ പാകിസ്ഥാനിൽ അർധരാത്രി സൂര്യനുദിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു.