മാറിപ്പോയി; എസ്എഫ്ഐക്കാർ പിഴുതത് സിപിഎം അനുഭാവ സംഘടനയുടെ കൊടിമരം
Friday, May 16, 2025 6:36 PM IST
കണ്ണൂർ: എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ കോൺഗ്രസിന്റെതെന്ന് കരുതി പിഴുത കൊടിമരം മാറിപ്പോയി. സിപിഎമ്മിന് പിന്തുണ നല്കുന്ന പി.കെ.രാഗേഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച രാജീവ് ജി കൾച്ചറൽ ഫോറത്തിന്റെ കൊടിമരമാണ് എസ്എഫ്ഐക്കാർ പിഴുതത്.
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഗേഷ് സിപിഎമ്മുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐ മാർച്ച് നടത്തിയത്. പ്രകടനത്തിനിടെ കെ.സുധാകരൻ എംപിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിരുന്നു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു പഴയ സ്റ്റാൻഡിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ഇതിനിടെ വഴിയരികിൽ കണ്ട ഫ്ലക്സുകളും കൊടിമരവും നശിപ്പിക്കുകയായിരുന്നു.