പിണറായി സർക്കാരിന്റെ നാലാം വാർഷികം; 20ന് യുഡിഎഫ് കരിദിനം ആചരിക്കും
Friday, May 16, 2025 8:25 PM IST
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നാലാം വാർഷിക ദിനമായ 20ന് യുഡിഎഫിന്റെ നേതൃത്വത്തിൽ കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനർ അടൂർ പ്രകാശ് എംപി അറിയിച്ചു. അന്നു പ്രാദേശിക തലത്തിൽ യുഡിഎഫ് കരിങ്കൊടി പ്രകടനം നടത്തും.
നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ എംപിമാർ, എംഎൽഎമാർ, തദ്ദേശ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കാരണം അത് അവരുടെ കൂടി അധ്വാനത്തിന്റെ ഫലമാണ്. അല്ലാതെയുള്ള എല്ലാ ആഘോഷ പരിപാടികളും യുഡിഎഫ് പൂർണമായി ബഹിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനം തുറന്നു കാട്ടുനുള്ള ബദൽ പ്രചാരണ പരിപാടികളും യുഡിഎഫ് സംഘടിപ്പിക്കും. ലഹരി വലയിൽപ്പെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി വിജയന്റെ ഒമ്പതു വർഷത്തെ ഭരണ നേട്ടമെന്നും അടൂർ പ്രകാശ് പറഞ്ഞു.