കേന്ദ്രം സിന്ദൂറിനെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ്
Saturday, May 17, 2025 1:22 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ രാഷ്ട്രീയ നേട്ടംകൊയ്യാനുള്ള നടപടിയാണ് കേന്ദ്ര സർക്കാരിന്റേതെന്ന് കോൺഗ്രസ്.
പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടിയിൽ ഐക്യദാർഢ്യത്തിന് ആഹ്വാനം ചെയ്തിട്ടും പ്രധാനമന്ത്രിയും ബിജെപിയും കോൺഗ്രസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്തുകയാണെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു.
നരേന്ദ്ര മോദി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് കൂടിക്കാഴ്ച നടത്തുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജയ്റാം രമേശിന്റെ കുറ്റപ്പെടുത്തൽ.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ചചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം. ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് വിദേശത്തേക്ക് പ്രതിനിധി സംഘങ്ങളെ അയയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു.