"വിവ ഇൽ പാപ്പാ!': വിശ്വാസ സാഗരം സാക്ഷി; സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു
Sunday, May 18, 2025 1:13 PM IST
വത്തിക്കാൻ സിറ്റി: പത്രോസിന്റെ 267-ാമത് പിൻഗാമിയായ ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹണ വിശുദ്ധ കുർബാന ആരംഭിച്ചു.
സ്ഥാനാരോഹണ ചടങ്ങുകൾക്കു മുമ്പായി മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെയുള്ള തന്റെ ആദ്യ പോപ്പ് മൊബീൽ സവാരി നടത്തി. പതാകകൾ വീശി "വിവ ഇൽ പാപ്പാ!' എന്ന് ആർത്ത് വിളിക്കുന്ന വിശ്വാസ സാഗരത്തിനു നടുവിലൂടെയായിരുന്നു യാത്ര.
ഏവരെയും കൈവീശി അഭിവാദ്യം ചെയ്ത് ചത്വരത്തിലേക്ക് പാപ്പാ എത്തിയപ്പോഴേക്കും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മണികൾ ഉറക്കെ മുഴങ്ങി.
മാർപാപ്പ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ അല്പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷം പ്രദക്ഷിണമായാണ് ബലിവേദിയിലെത്തിയത്.
ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനുശേഷമായിരിക്കും മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുക.
വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള, മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്ത പദവികളിലുള്ള മൂന്നു കർദിനാൾമാരായിരിക്കും ഈ ചടങ്ങ് നിർവഹിക്കുക. മാർപാപ്പയെ പാലിയം അണിയിക്കുക ഡീക്കൻ കർദിനാളായിരിക്കും.
തുടർന്ന് പാപ്പായുടെ മേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹം പ്രാർഥിക്കുകയും ചെയ്യും. അതിനുശേഷമായിരിക്കും മാർപാപ്പ മോതിരം സ്വീകരിക്കുക. മെത്രാൻ കർദിനാളായിരിക്കും മാർപാപ്പയ്ക്ക് ഇതു നൽകുക.
പാലിയവും മോതിരവും സ്വീകരിച്ചതിനുശേഷം മാർപാപ്പ സുവിശേഷവും വഹിച്ച് ദൈവജനത്തെ ആശീർവദിക്കും. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 പേർ ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട് മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കും.
അതിനുശേഷം മാർപാപ്പ സുവിശേഷ സന്ദേശം നൽകുകയും വിശുദ്ധ കുർബാന തുടരുകയും ചെയ്യും. സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യയുൾപ്പെടെ നൂറിലേറെ ലോകരാജ്യങ്ങളിൽനിന്നായി ഔദ്യോഗിക പ്രതിനിധിസംഘങ്ങളും നേതാക്കളും രാജകുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖ നേതാക്കൾ.