എംബിബിഎസ് വിദ്യാർഥിനിക്ക് മദ്യം നൽകി പീഡിപ്പിച്ചു; സഹപാഠികൾ ഉൾപ്പടെ പിടിയിൽ
Saturday, May 24, 2025 7:19 AM IST
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ എംബിബിഎസ് വിദ്യാർഥിനിയെ രണ്ട് സഹപാഠികളും അവരുടെ സുഹൃത്തും ചേർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം പീഡിപ്പിച്ചു. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ പൂനെ, സോളാപൂർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ മേയ് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മേയ് 18 ന് രാത്രി 10ന് തീയേറ്ററിൽ സിനിമ കാണാൻ പോകാൻ 22കാരിയായ വിദ്യാർഥിനിയും രണ്ട് സഹപാഠികളും തീരുമനിച്ചു. അതിനു മുൻപായി തങ്ങളുടെ ഫ്ളാറ്റിലേക്ക് വരാൻ പ്രതികൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
ഫ്ളാറ്റിൽ ഇവരുടെ സുഹൃത്തുമുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ പെൺകുട്ടിക്കും മദ്യം നൽകി. തുടർന്ന് മദ്യലഹരിയിലായിരുന്ന പെൺകുട്ടിയെ 20 നും 22 നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളും ലൈംഗീകമായി പീഡിപ്പിച്ചു. ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കർണാടകയിലെ ബെലഗാവി സ്വദേശിയായ പെൺകുട്ടി നടന്ന സംഭവങ്ങൾ മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് അവർ വിശ്രാംബാഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു.