കടലുണ്ടി പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
Monday, June 2, 2025 10:09 AM IST
മലപ്പുറം: കടലുണ്ടി പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാതായത്.
ഇദ്ദേഹത്തിന്റെ വസ്ത്രങ്ങളും കുടയും കാരാത്തോട് കടലുണ്ടിപ്പുഴയുടെ കരയിൽ കണ്ടിരുന്നു. പുഴയിൽ വീണതാകുമെന്ന സംശയത്തിൽ സ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പിന്നീട് പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിച്ചതിനെതുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.