നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് കൺവെൻഷനിൽ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നു
Monday, June 2, 2025 7:41 PM IST
മലപ്പുറം: ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളുമാണ് വിട്ടുനിന്നത്.
പാണക്കാട് സാദിഖലി തങ്ങൾ ഹജ്ജ് കർമ്മത്തിനായി വിദേശത്താണ്. ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി തങ്ങളെയായിരുന്നു പകരം പരിപാടിയിലേക്ക് എത്താൻ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ അദ്ദേഹം ജില്ലയിൽ ഉണ്ടായിട്ട് പോലും കൺവെൻഷനിൽ പങ്കെടുത്തില്ല.
എന്നാൽ പി.കെ.കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലിം ലീഗ് നേതാക്കൾ കൺവൻഷനിൽ സജീവമായി പങ്കെടുത്തു. പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കാത്ത യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സമീപകാല ചരിത്രത്തിലാദ്യമാണ്.
അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെയാണ് അബ്ബാസലി തങ്ങള്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തത്.
അതേസമയം തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതില്‍ അസ്വാഭാവികതയില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പരിപാടിയില്‍ ലീഗ് പ്രതിനിധികള്‍ പങ്കെടുത്തതായും നേതാക്കന്മാര് പറഞ്ഞു.