ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് നെഞ്ചിൽകൊണ്ടു; കൗമാരക്കാരന് ദാരുണാന്ത്യം
Wednesday, June 4, 2025 6:22 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ തുണ്ട്ല പട്ടണത്തിൽ ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചിൽ പന്ത് കൊണ്ട് കൗമാരക്കാരൻ മരിച്ചു. അൻഷ്(12)ആണ് മരിച്ചത്.
ബാറ്റ് ചെയ്യുന്നതിനിടെയാണ് കുട്ടിയുടെ നെഞ്ചിൽ പന്ത്കൊണ്ടത്. നാർഖി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗാധി റാഞ്ചോർ പ്രദേശത്തെ താമസക്കാരനായ അൻഷ്, ഫ്യൂച്ചർ ക്രിക്കറ്റ് അക്കാദമിയെ പ്രതിനിധീകരിച്ച് ഫൈനൽ മത്സരം കളിക്കാൻ തിങ്കളാഴ്ച വൈകുന്നേരം തുണ്ട്ലയിലേക്ക് പോയിരുന്നതായി പോലീസ് സൂപ്രണ്ട് (സിറ്റി) രവിശങ്കർ പ്രസാദ് പറഞ്ഞു.
മത്സരം കളിക്കുന്നതിനിടെ, ക്രിക്കറ്റ് പന്ത് അൻഷിന്റെ നെഞ്ചിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി വീണു. കുട്ടിയെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്പി കൂട്ടിച്ചേർത്തു.