മിൽമ പാൽ പാക്കറ്റിൽ 100 ഗ്രാം അളവ് കൂടുതൽ
Wednesday, June 4, 2025 8:43 PM IST
കൊച്ചി: ആലുവയിലെ മിൽമ ബൂത്തുകളിൽ ചൊവ്വാഴ്ച വിതരണം ചെയ്ത മിൽമ പാൽ പാക്കറ്റുകളിൽ തൂക്ക കൂടുതൽ കണ്ടെത്തി. 500 ഗ്രാം തൂക്കമുണ്ടാകേണ്ട പാക്കറ്റ് പാലിൽ 600 മുതൽ 620 ഗ്രാം വരെയാണ് തൂക്കം അധികം ലഭിച്ചിരിക്കുന്നത്. വില വ്യത്യാസം ഇല്ല.
തിങ്കളാഴ്ച വൈകിട്ട് ആറിന് ശേഷം തയാറാക്കിയ പാക്കറ്റുകളിലാണ് തൂക്കം കൂടുതൽ വന്നിരിക്കുന്നത്. ജൂൺ അഞ്ചിന് മുമ്പ് ഉപയോഗിക്കണമെന്ന് പ്രിന്റ് ചെയ്തിട്ടുള്ള ഓറഞ്ച് പാക്കറ്റുകളിലാണ് അളവ് കൂടുതൽ ലഭിച്ചത്.
മെഷീൻ പാക്കിംഗിൽ അളവ് തെറ്റിയതായാണ് ജീവനക്കാർ നൽകുന്ന വിവരം. അതേ സമയം മിൽമ മാനേജ്മെന്റ് വിശദീകരണം നൽകിയിട്ടില്ല. സാധാരണ അര ലിറ്റർ പാക്കറ്റിൽ 523 ഗ്രാം വരെ അനുവദനീയമാണ്. എന്നാൽ അഞ്ചിലൊന്ന് അളവ് വർധിച്ചത് അസ്വാഭാവികമാണ്.