ഒരു ആഘോഷവും മനുഷ്യജീവനോളം വിലയുള്ളതല്ല: രാഹുൽ ഗാന്ധി
Thursday, June 5, 2025 4:01 AM IST
ന്യൂഡൽഹി: ഒരു ആഘോഷവും മനുഷ്യജീവനോളം വിലയുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ ദാരുണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ദുരന്തം ഹൃദയഭേദകമാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റ എല്ലാവർക്കും വേഗത്തിലും പൂർണമായും സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ പറഞ്ഞു.
ഈ സമയം ബംഗളൂരുവിലെ ജനങ്ങൾക്കൊപ്പം താൻ നിലകൊള്ളുന്നു. ദുരിതബാധിത കുടുംബങ്ങൾക്ക് കർണാടക സർക്കാർ സാധ്യമായ എല്ലാ പിന്തുണയും ആശ്വാസവും നൽകണം.
ഈ ദുരന്തം വേദനാജനകമായ ഒരു ഓർമപ്പെടുത്തലാണ്. ഒരു ആഘോഷവും മനുഷ്യജീവനോളം വിലയുള്ളതല്ല. പൊതുപരിപാടികൾക്കുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും കർശനമായി നടപ്പിലാക്കുകയും വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.