നിലമ്പൂർ വിധിയെഴുതി; പോളിംഗ് 70 ശതമാനം കടന്നു
Thursday, June 19, 2025 6:43 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് പൂർത്തിയായി. മണ്ഡലത്തിൽ 70 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ മഴ മണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടര്‍മാരെ ബാധിച്ചിരുന്നില്ല.
പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണുണ്ടായിരുന്നത്. ജൂൺ 23നാണ് വോട്ടെണ്ണൽ. ഇടതു മുന്നണിയ്ക്കായി എം. സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി. അൻവർ, എൻഡിഎ സ്ഥാനാർഥിയായി അഡ്വ.മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
അതേസമയം, പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് വെള്ളിയാഴ്ച ഡ്യൂട്ടി ലീവ് അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ്/ഓഫീസ് മേധാവിമാർക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം രാവിലെ മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് പോളിംഗ് സാധനങ്ങൾ സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നതുവരെയാണ്.