നിലമ്പൂരിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് എം.വി. ഗോവിന്ദൻ
Friday, June 20, 2025 6:10 PM IST
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല രാഷ്ട്രീയപോരാട്ടം നടത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വലിയ വിജയം എൽഡിഎഫിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമൊന്നും പറയാനില്ലാതിരുന്ന യുഡിഎഫ് നാടകങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്. രാഷ്ട്രീയമുദ്രാവാക്യമുയർത്തി പ്രവർത്തിക്കാൻ യുഡിഎഫിനായില്ല. കണ്ണിൽ പൊടിയിടാനുള്ള യുഡിഎഫിന്റെ ശ്രമങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല പ്രവർത്തനം കാഴ്ചവെച്ചു. മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തിക്കാണിക്കാനും വർഗീയകൂട്ടുകെട്ടുകളെ തുറന്നുകാണിക്കാനും സാധിച്ചു. എം. സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ കേരളത്തിലും നിലമ്പൂരിലും വലിയ സ്വീകാര്യതയാണ് നേടാനായതെന്നും ഗോവിന്ദൻ പറഞ്ഞു.