ലീഡ്സിൽ ഇന്ത്യയ്ക്ക് ആറ് റണ്‍സ് ലീഡ്, ബുംറയ്ക്ക് അഞ്ച് വിക്കറ്റ്
Sunday, June 22, 2025 9:04 PM IST
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 465 റണ്‍സിന് പുറത്തായി. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ലീഡിലെത്തിച്ചത്.
ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് സെഞ്ചുറി നേടി. 137 പന്തുകൾ നേരിട്ട പോപ്പ് 14 ഫോറുകളുടെ അകന്പടിയോടെ 106 റണ്‍സാണ് നേടിയത്. ഹാരി ബ്രൂക്കും ബെൻ ഡക്കറ്റും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ബ്രൂക്കിന് ഒരു റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. ബെൻ ഡക്കറ്റ് 62 റണ്‍സെടുത്തു. ജാമി സ്മിത്ത് 40 റണ്‍സും ക്രിസ് വോക്സ് 38 റണ്‍സും നേടി. മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായില്ല.
ഇന്ത്യയ്ക്കായി ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസീദ് കൃഷ്ണ മൂന്നും സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. യശ്വസി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 471 റണ്‍സ് നേടിയത്.