ശക്തമായ മഴ തുടരുന്നു; നദികളിൽ ജലനിരപ്പുയരുന്നു, മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
Thursday, June 26, 2025 11:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമായി തുടരുന്നു. മഴമുന്നറിയിപ്പുകളെ തുടർന്ന് ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലും കോതമംഗലം, എറണാകുളം താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജലാശയങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. കല്ലൂർ പുഴയിലും നൂൽപ്പുഴയിലും ജലനിരപ്പ് ഉയർന്നതായാണ് റിപ്പോർട്ട്. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്.
ഇരിട്ടി പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലും മഴ തുടരുകയാണ്. മലയോര മേഖലകളായ നിലമ്പൂർ, വഴിക്കടവ്, എടക്കര, പോത്തുകല്ല് ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എറണാകുളം ജില്ലയിലും മലയോര മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. തൃശൂർ ജില്ലയിലും ശക്തമായ മഴയത്തുടർന്ന് മഴ ശക്തമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്.
ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയാണ് രാത്രി ലഭിച്ചത്. തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളം കയറി തുടങ്ങി. കല്ലാർകുട്ടി, പാംബ്ല, പൊൻമുടി അണക്കെട്ടുകളുടെ മൂന്നു ഷട്ടറുകൾ ഉയർത്തി.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.