ജെഎന്‍യു വിദ്യാർഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
Tuesday, July 1, 2025 4:27 AM IST
ന്യൂഡല്‍ഹി: അവസാന ശ്വാസം വരെ മകന് വേണ്ടി കാത്തിരിക്കുമെന്ന് മാതാവ് ഫാത്തിമ നഫീസ്. ജെഎന്‍യു വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാന കേസ് സിബിഐ അവസാനിപ്പിച്ചതിന് പിന്നാലെയാണ് മാതാവിന്റെ പ്രതികരണം. തുടര്‍ നടപടികളെ കുറിച്ച് അഭിഭാഷകനുമായി കൂടിയാലോചിക്കുമെന്ന് ഫാത്തിമ നഫീസ് പറഞ്ഞു.
"ഞാന്‍ എന്റെ അഭിഭാഷകരോട് സംസാരിക്കും. പക്ഷേ, നജീബിനായുള്ള എന്റെ കാത്തിരിപ്പ് അവസാന ശ്വാസം വരെ തുടരും. എല്ലാ ദിവസവും ഞാന്‍ അവന് വേണ്ടി പ്രാർഥിക്കും. ഒരു ദിവസം എനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ', നഫീസ് പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി സമരങ്ങളാണ് നഫീസ് നടത്തിയത്.
അതേസമയം, കേസ് അവസാനിപ്പിക്കാന്‍ ഡല്‍ഹി കോടതിയാണ് സിബിഐക്ക് അനുമതി നല്‍കിയത്. അന്വേഷണത്തിലെ എല്ലാ സാധ്യതകളും അവസാനിച്ചുവെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി.
നജീബിനെ കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരി പറഞ്ഞു. അന്വേഷണം നിര്‍ത്തലാക്കുന്നതിനുള്ള അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജ്യോതി മഹേശ്വരി സ്വീകരിച്ചു. കേസില്‍ എന്തെങ്കിലും തെളിവുകളോ സൂചനകളോ ലഭിക്കുന്ന പക്ഷം കേസന്വേഷണം പുനരാരംഭിക്കാനുള്ള അനുമതിയും ജഡ്ജി നല്‍കിയിട്ടുണ്ട്.
നജീബിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് 2018 ഒക്ടോബറില്‍ സിബിഐ കേസ് അവസാനിപ്പിച്ചിരുന്നു. അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി തേടി സിബിഐ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നഫീസ് ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
മകന്റെ തിരോധാനത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്. സിബിഐ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങുന്നുവെന്ന വിമര്‍ശനം നേരത്തെ തന്നെ നഫീസിന്റെ അഭിഭാഷകര്‍ ഉന്നയിച്ചിരുന്നു. ഡല്‍ഹി പോലീസില്‍ നിന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാർഥിയായിരുന്ന നജീബിനെ 2016ലാണ് കാണാതാകുന്നത്. എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായതിന് ശേഷം മഹി മന്ദ്വി ഹോസ്റ്റലില്‍ നിന്നാണ് നജീബിനെ കാണാതായത്.
സംഘര്‍ഷത്തിന് ശേഷം നജീബ് ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടതായി ഹോസ്റ്റല്‍ വാര്ഡന് പറഞ്ഞിരുന്നു. ജെഎന്‍യുവില്‍ എംഎസ്സി ബയോടെക്നോളജി വിദ്യാർഥിയായിരുന്നു നജീബ്.