ഈരാറ്റുപേട്ടയിലെ ദമ്പതികളുടെ ആത്മഹത്യ: പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി?
Tuesday, July 1, 2025 1:53 PM IST
ഈരാറ്റുപേട്ട: ദമ്പതിമാര്‍ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്നെന്ന് ആരോപണം. ജീവനൊടുക്കിയ രാമപുരം തെരുവേല്‍ വിഷ്ണു എസ്. നായര്‍ (36), രശ്മി വിഷ്ണു (35) എന്നിവരെ കുറവിലങ്ങാട് കേന്ദ്രീകരിച്ചുള്ള ബ്ലേഡ് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവർ ഇത്തരത്തില്‍ നിരവധി പേരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു. ഇവര്‍ക്ക് പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ പിന്‍ബലമുണ്ടെന്നും ആരോപണമുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു കരാര്‍ ജോലിക്കാരനായ വിഷ്ണുവും നഴ്സിംഗ് സൂപ്രണ്ടായ ഭാര്യ രശ്മിയും ജീവനൊടുക്കിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പ്പിറ്റലിലാണ് രശ്മി ജോലി ചെയ്തിരുന്നത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പില്‍ നടക്കും. വിഷ്ണുവുമായി പണമിടപാടുള്ളവര്‍ ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതുമൂലം തൊഴില്‍സ്ഥലത്ത് അപമാനിതയാകുമോയെന്ന ഭയമാണ് രശ്മിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പറയുന്നു.
വിഷ്ണുവിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തത് കുറവിലങ്ങാടുള്ള ബ്ലേഡ് മാഫിയ സംഘവുമായുള്ള ധന ഇടപാടുകളാണ്. കഴിഞ്ഞ ശനിയാഴ്ച ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദം ശക്തമായപ്പോള്‍ വിഷ്ണു നേരിട്ട് ഇയാളെ കണ്ടിരുന്നുവെന്നും പറയുന്നുണ്ട്.
ഞായറാഴ്ച വിഷ്ണുവിനെ നാല് പേര് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ പൊതുപ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്നു തന്നെയാണു പറയുന്നത്.