ഡിജിപി നിയമനവിവാദത്തിനുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം: എം.വി. ജയരാജൻ
Tuesday, July 1, 2025 2:36 PM IST
കായംകുളം: റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചത് വിവാദമാക്കുന്നതിനുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി. ജയരാജൻ. സർക്കാരിനെതിരേ എന്തും ആയുധമാക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം മാധ്യമങ്ങളും അത് ഏറ്റുപിടിക്കുന്ന പ്രതിപക്ഷനേതാവുമാണ് ഇതിനു പിന്നിൽ. ഇത് ജനം തിരിച്ചറിയുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു നേതാവുമായിരുന്ന എം.എ. അലിയാരുടെ നാലാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരീലക്കുളങ്ങരയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്ന് ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടക്കുന്നതിനു രണ്ടുദിവസം മുമ്പാണ് കണ്ണൂരിൽ എഎസ്പിയായി റവാഡ ചന്ദ്രശേഖർ ചാർജെടുക്കുന്നത്.
സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ പി.പി. ആന്റണി, ഡിവൈഎസ്പി ഹക്കിം ബത്തേരി എന്നിവരാണു കുറ്റക്കാരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെടിവയ്പിന് ഉത്തരവിട്ടത് പി.പി. ആന്റണിയാണെന്നും റിപ്പോർട്ടിലുണ്ട്. ചുമതലയുള്ള തലശേരി ആർഡിഒയെ ഒഴിവാക്കി ഡെപ്യൂട്ടി കളക്ടർക്ക് ചുമതല നൽകിയതിൽ ദുരൂഹതയുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയായി കേസെടുത്ത് അറസ്റ്റ് ചെയ്ത ജില്ലാ പോലീസ് മേധാവിയായിരുന്ന പത്മകുമാറിന് പിന്നീട് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ മാധ്യമങ്ങളുടെ മുതലക്കണ്ണീർ ഉണ്ടായില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.