കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയ യുഡിഎഫ് ഇപ്പോൾ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നു: എം.വി. ഗോവിന്ദൻ
Tuesday, July 1, 2025 3:42 PM IST
ആലപ്പുഴ: കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയത് യുഡിഎഫ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. റവാഡ ചന്ദ്രശേഖറിന്റെ നിയമനം കേന്ദ്ര തീരുമാനമാണെന്നും മെച്ചപ്പെട്ട ആളായത് കൊണ്ടാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂത്തുപറമ്പിലെ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയത് യുഡിഎഫ് സർക്കാരാണ്. അവരാണിപ്പോള്‍ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നത്. കെ കരുണാകരന്റെ ഭരണകാലത്താണ് അത് സംഭവിച്ചത്. കൂത്തുപറമ്പിൽ വെടിവയ്പ്പിനും ലാത്തി ചാർജിനുമൊക്കെ നേതൃത്വം നൽകിയത് ടി.ടി. ആന്റണിയും ഹക്കീം ബത്തേരിയുമാണ്. റവാഡ കേസിൽ പ്രതിയായിരുന്നു എന്നത് ശരിയാണ്. എന്നാൽ അന്വേഷണ കമ്മീഷനും കോടതിയുമുൾപ്പെടെ കേസിൽ നിന്ന് ഒഴിവാക്കിയതാണെന്നും ഗോവിന്ദൻ പറഞ്ഞു.
ഡിജിപിയെ തെരഞ്ഞെടുക്കുന്നതിന് സർക്കാരിന്റേതായ മാനദണ്ഡങ്ങളുണ്ടാകുമെന്നും അതിന് പാർട്ടി ക്ലീൻ ചീറ്റ് നൽകേണ്ടതില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. യുപിഎസ്സി ആണ് ഡിജിപി സ്ഥാനത്തേക്കുള്ള മൂന്നു പേരുകൾ നല്‍കിയത്. അതിൽ നിന്നാണ് സംസ്ഥാന സർക്കാർ ഡിജിപി സ്ഥാനത്തേക്ക് ഒരാളെ തീരുമാനിക്കേണ്ടത്. ആ ഭരണഘടനാപരമായ കർത്തവ്യമാണ് മന്ത്രിസഭ ഇപ്പോൾ നിർവഹിച്ചിരിക്കുന്നതും. അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങൾ ചിലർ ഇപ്പോൾ ബോധപൂർവം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റവാഡ ചന്ദ്രശേഖർ കുറ്റക്കാരനല്ലെന്ന് ജുഡീഷൽ കമ്മീഷൻ തന്നെ കണ്ടെത്തിയതാണ്. വെടിവയ്പ്പ് നടക്കുന്നതിന് രണ്ടുദിവസം മുമ്പാണ് റവാഡ ചുമതലയേറ്റത്. അദ്ദേഹത്തിന് കണ്ണൂരിന്റെയോ തലശേരിയുടെയോ ഭൂമിശാസ്ത്രം അറിയുമായിരുന്നില്ല. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് പി.ജയരാജന് തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും താന്‍ പറഞ്ഞത് തന്നെയാണ് അദ്ദേഹവും പറഞ്ഞതെന്നും ഗോവിന്ദന് അറിയിച്ചു.