കൊടും ഭീകരൻ അബൂബക്കർ സിദ്ദിഖ് അറസ്റ്റിൽ
Tuesday, July 1, 2025 4:55 PM IST
ചെന്നൈ: മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരൻ, അബൂബക്കർ സിദ്ദിഖ് പിടിയിലായെന്ന് റിപ്പോർട്ട്. ആന്ധ്രയിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് തമിഴ്നാട് പോലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ദക്ഷിണേന്ത്യയിലെ നിരവധി സ്ഫോടനക്കേസുകളുടെ സൂത്രധാരനാണിയാൾ. കാസർഗോഡ് സ്വദേശിയാണ് അബൂബക്കർ സിദ്ദിഖ്.
1999 മുതൽ ഇയാൾ ഒളിവിലാണ്. കേരളം, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങിൽ നടന്ന വിവിധ സ്ഫോടനവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
1995ൽ ചെന്നൈയിലെ ഹിന്ദു മുന്നണി ഓഫീസിലും നാഗൂരിലുണ്ടായ സ്ഫോടനം, 1999ൽ തമിഴ്നാട്ടിലെ ഏഴിടങ്ങളിലുണ്ടായ സ്ഫോടനം, എഗ്മോറിലെ പോലീസ് ആസ്ഥാനത്തുണ്ടായ സ്ഫോടനം, മധുരയിൽ എൽ. കെ. അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് കൊണ്ട് നടത്തിയ പെപ്പ് ബോംബ് സ്ഫ്ടോനം, 2012 ൽ വെല്ലുരിലുണ്ടായ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ൽ ബംഗളുരുവിലെ ബിജെപി കാര്യാലയത്തിലുണ്ടായ സ്ഫോടനം തുടങ്ങി നിരവധി കേസുകളുടെ സൂത്രധാരനാണ് അറസ്റ്റിലായ അബൂബക്കർ സിദ്ദിഖ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തിരുനെൽവെലി സ്വദേശി മുഹമ്മദ് അലിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിരോധിക്കപ്പെട്ട അൽ ഉമ്മ പോലുള്ള സംഘടനകളുമായി ഭീകരന് ബന്ധമുണ്ടായിരുന്നു. ഭീകര റിക്രൂട്ട്മെന്റിനും ഇയാൾ നേതൃത്വം നൽകിയിരുന്നു. ഭീകരനെ ഉടൻ ചെന്നൈയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.