ലേബർ ക്യാമ്പിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് പരിക്ക്
Wednesday, July 2, 2025 9:15 PM IST
തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. അക്കിക്കാവ്- കേച്ചേരി ബൈപ്പാസ് റോഡ് നിര്‍മാണ തൊഴിലാളികള്‍ താമസിക്കുന്ന ഇയ്യാളിലെ ക്യാമ്പിലുണ്ടായ ആക്രമണത്തിൽ മലയാളിയായ തൊഴിലാളി സുരേഷിനാണ് പരിക്കേറ്റത്.
ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് പട്ടിക്കരയില്‍ ബൊലോറോ പിക്കപ്പ് വാഹനം ഒരാളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയിരുന്നു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്ന്ന് കാറില്‍ വന്ന യുവാക്കള്‍ ഇയ്യാലിലെ റോഡ് നിര്‍മാണ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ ഒരു പിക്കപ്പ് വാഹനം കിടക്കുന്നത് കണ്ടു.
അപകടത്തില്‍ നിര്‍ത്താതെ പോയ വാഹനമാണിതെന്ന തെറ്റിദ്ധാരണയില്‍ പിക്കപ്പ് വാഹനത്തിനടുത്ത് നിന്നിരുന്ന സുരേഷിനെ ഇവർ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സുരേഷ് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.