ടെക്സസിലെ മിന്നൽപ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്
Saturday, July 5, 2025 5:38 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തു.
ടെക്സസ് ഗവര്‍ണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ടെക്സസിലെ കെര്‍ കൗണ്ടിയിലുണ്ടായ പ്രളയത്തിൽ ഇതിനോടകം 24 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാൻ പോയ 20 പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.
രക്ഷാപ്രവർത്തനത്തിനായി ബോട്ട്, ഹെലികോപ്റ്റർ എന്നിവ സജ്ജമാണ്. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുള്ളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്.
പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യർഥിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.
ഗ്വാഡലൂപ്പെ നദിയിലുണ്ടായ അപ്രതീക്ഷിത വെളളപ്പൊക്കത്തില്‍ നിരവധിപേര്‍ക്ക് ജീവന് നഷ്ടമായെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രാർഥിക്കണമെന്നുമാണ് സെനറ്റര്‍ ജോണ്‍ കോര്‍ണില്‍ പറഞ്ഞത്.