ജാര്‍ഖണ്ഡില്‍ അനധികൃത ഖനനത്തിനിടെ അപകടം; നാല് പേര് മരിച്ചു
Saturday, July 5, 2025 6:04 PM IST
റാഞ്ചി: ജാർഖണ്ഡിലുണ്ടായ ഖനിയപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് പരിക്കേറ്റു. മറ്റുചിലര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഖനനം നിര്‍ത്തിവച്ചിരുന്ന കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. ഖനിയുടെ ഒരുഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അനധികൃതമായി ഖനനം നടത്താനെത്തിയവരാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം.
രാംഗഡ് ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് നാല് മൃതദേഹം കണ്ടെത്തിയതായി രാംഗഡ് എസ്ഡിപിഒ പരമേശ്വര്‍ പ്രസാദ് പറഞ്ഞു.
പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ പ്രദേശവാസികള്‍ മൂന്ന് പേരുടെ മൃതശരീരം വീണ്ടെടുത്തിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയാണിത്. കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.