39 വര്ഷംമുന്പ് കൊലചെയ്തെന്ന വെളിപ്പെടുത്തൽ; മുഹമ്മദലിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് സഹോദരന്
സ്വന്തം ലേഖകന്‍
Saturday, July 5, 2025 10:34 PM IST
കോഴിക്കോട്: മുപ്പത്തൊമ്പതു വര്‍ഷം മുമ്പ് കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ കൊന്നതായി വെളിപ്പെടുത്തല്‍ നടത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റെരാളെകൂടി കൊലപ്പെടുത്തിയതായി പോലീസിനു മൊഴി നല്കി.
കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തുവച്ച് 1989ല്‍ ഒരാളെ കൊന്നതായാണ് രണ്ടാമത്തെ വെളിപ്പെടുത്തല്‍.രണ്ടു സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട രണ്ടുപേരും ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
1986ല്‍ പതിനാലാം വയസില്‍ കൂടരഞ്ഞിയില്വച്ച് താന്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നതായി കഴിഞ്ഞമാസം അഞ്ചിനാണ് വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ പറഞ്ഞത്. അക്കാലത്ത് ജോലിക്കുപോയ സ്ഥലത്തുവച്ച് മോശമായി പെരുമാറിയ ആളെ തോട്ടിലേക്ക് ചവിട്ടിയിട്ടുവെന്നും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചുവെന്ന് അറിഞ്ഞുവെന്നുമാണ് വേങ്ങര പോലീസിനിനോടു ഇയാള്‍ പറഞ്ഞത്.
വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവം നടന്ന കൂടരഞ്ഞി ഉള്‍പ്പെടുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തിരുവമ്പാടി പോലീസ് മുഹമ്മദലിയെ കസ്റ്റഡിയില്‍ എടുത്ത് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്നലെ മൃതദേഹം കണ്ടയാളില്നിന്നു മൊഴിയെടുത്തിട്ടുണ്ട്.
അതിനിടയിലാണ് വിശദമായ മൊഴിയില്‍ മറ്റൊരാളെകൂടി മുഹമ്മദലി കൊലപ്പെടുത്തിയതായുള്ള വിവരം പുറത്തുവരുന്നത്. കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം 1989ല്‍ കോഴിക്കോട്ടുവന്ന് ഹോട്ടലില്‍ ജോലി ചെയ്തുവരവെ ഒരാള്‍ കോഴിക്കോട് കടപ്പുറത്തുവച്ച് കൈയിലുള്ള പണം തട്ടിപ്പറിച്ചുവെന്നു മുഹമ്മദലിയുടെ മൊഴിയില്‍ പറയുന്നു.
കുറച്ചുദിവസങ്ങള്‍ക്കുശേഷം അയാള്‍ കടപ്പുറത്തുണ്ടെന്ന് സുഹൃത്തായ ബാബു പറഞ്ഞു. ബാബുവുമൊത്ത് കടപ്പുറത്തുപോയപ്പോള് പണം തട്ടിപ്പറിച്ചയാളെ കണ്ടെത്തി. പണം തട്ടിപ്പറിച്ച കാര്യം ചോദിച്ചപ്പോള്‍ അയാള്‍ തട്ടിക്കയറി. വാക്കേറ്റമായി. ബാബു അയാളെ തല്ലി താഴെയിട്ട് മുഖം മണലില്‍ താഴ്ത്തിപിടിച്ചു. താന്‍ കാലില്‍ പിടിച്ചുവെന്നും മരിച്ചെന്ന് ഉറപ്പാക്കിയശേഷം അയാളുടെ കൈയില്‍നിന്ന് പണം എടുത്ത് തങ്ങള്‍ രണ്ടുപേരും വീതിച്ച് എടുത്തുവെന്നുമാണ് മൊഴി.
തുടര്‍ന്ന് രണ്ടുപേരും രണ്ടുവഴിക്കു പിരിഞ്ഞു. ബാബുവിനെ പിന്നെ കണ്ടിട്ടില്ല. മരിച്ചത് ആരാണെന്ന് അറിയില്ലെന്നും മൊഴിയില്‍ മഹുമ്മദലി വ്യക്തമാക്കി. നടക്കാവ് പോലീസ് കൊലപാതകക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടൗണ്‍ അസി. കമ്മീഷണര്‍ ടി.കെ. അഷ്റഫാണ് അന്വേഷണം നടത്തുന്നത്.
മുഹമ്മദലിയുടെ വെളിപ്പെടുത്തലോടെ പോലീസ് വെട്ടിലായിരിക്കുകയാണ്. അജ്ഞാത മൃതദേഹങ്ങളായാണ് രണ്ടു സംഭവങ്ങളും പോലീസ് അവസാനിപ്പിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട ആളുകളെ കണ്ടെത്തുകയാണ് പോലീസിനു മുന്നിലുള്ള വെല്ലുവിളി.
മുഹമ്മദലി മതം മാറിയാണ് ആ പേരു സ്വീകരിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന് പൗലോസ് പറഞ്ഞു. ആന്റണി എന്നാണ് യഥാര്‍ഥ പേര്. ആന്റണി മലപ്പുറത്തുനിന്ന് മുസ്ലിം യുവതിയെ രണ്ടാം വിവാഹം കഴിച്ച ശേഷമാണ് മുഹമ്മദലി എന്ന പേരു സ്വീകരിച്ചു മതം മാറിയത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൗലോസ് പറഞ്ഞു.
കൂടരഞ്ഞിയില്‍ ഒരാള്‍ തോട്ടില്‍വീണു മരിച്ചതായി അക്കാലത്ത് ആളുകള്‍ പറഞ്ഞുകേട്ടിരുന്നു. അസുഖമാണെന്നാണ് കേട്ടത്. ഈ മരണങ്ങളുടെ ഉത്തരവാദിത്തം മുഹമ്മദലി ഏറ്റെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പൗലോസ് പറഞ്ഞു.