പേരൂർക്കട വ്യാജമോഷണക്കേസ്; ബിന്ദുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു
Saturday, July 5, 2025 11:50 PM IST
തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് കസ്റ്റഡി മർദനത്തിനിരയായ ദളിത് യുവതി ബിന്ദുവിന്റെ പരാതിയിൽ കേസെടുത്തു.
ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയൽ, മകൾ നിഷ, കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവരെ പ്രതിയാക്കിയാണ് കേസ്. പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ നിർദേശ പ്രകാരം ഇന്നാണ് നെടുമങ്ങാട് സ്വദേശിയായ ബിന്ദു പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്.
നേരെത്തെ ബിന്ദുവിന്റെ പരാതിയിൽ പേരൂർക്കട സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലംമാറ്റിയിരുന്നു. സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിലാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്.
20 മണിക്കൂർ പോലീസ് സ്റ്റേഷനിൽ നിർത്തിയെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നും കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബത്തെ മുഴുവൻ അകത്താകുമെന്നും പോലീസ് പറഞ്ഞതായി ബിന്ദു വ്യക്തമാക്കിയിരുന്നു.
പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാൻ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു.