ടെക്സസിലെ മിന്നൽ പ്രളയം ; മരണസംഖ്യ 43 ആയി
Sunday, July 6, 2025 7:11 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുമെന്നും ഗ്വാദലൂപ്പെ നദിക്കരയിലെ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ കാണാതായെന്നും അധികൃതർ പറഞ്ഞു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
ക്യാന്പ് മിസ്റ്റിക് എന്ന ഗ്രൂപ്പ് ഗ്വാദലൂപ്പെ നദീതീരത്തു സംഘടിപ്പിച്ച വേൽക്കാല ക്യാന്പിൽ 750 കുട്ടികൾ പങ്കെടുത്തിരുന്നു. ഇതിൽ 27 പേരെയാണ് കാണാതായത്. ഒരു മണിക്കൂറിനിടെ 20 സെന്റിമീറ്റർ മഴ പെയ്തുവെന്നാണ് റിപ്പോർട്ട്. മുക്കാൽ മണിക്കൂർ കൊണ്ട് ഗ്വാദലൂപ്പെ നദിയുടെ ജലനിരപ്പ് എട്ടു മീറ്ററായി ഉയർന്നുവെന്ന് ടെക്സസ് ലെഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.
അതിവേഗം വെള്ളമുയർന്നതിനാൽ മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിക്കാനായില്ല. കെർ കൗണ്ടി അടക്കം നദീതീരപ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സംസ്ഥാന ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. നദീതീരത്ത് വലിയതോതിൽ നാശമുണ്ടായെന്നാണ് റിപ്പോർട്ട്.