"ജീവനക്കാർ സന്തുഷ്ടർ': ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി
Tuesday, July 8, 2025 11:42 AM IST
തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. ജീവനക്കാർ നിലവിൽ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9,000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സംയുക്ത ട്രേഡ് യൂണിയനുകൾ 24 മണിക്കൂർ പൊതുമണിമുടക്ക് നടത്തുന്നത്.
ഐഎൻടിയുസി, എഐടിയുസി, സിഐടിയു, എയുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ തുടങ്ങി പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് പ്രഖ്യാപിച്ചത്. സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.