പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ ആസാം സ്വദേശി അറസ്റ്റില്‍
Saturday, July 12, 2025 7:34 AM IST
കോഴിക്കോട്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നല്ലളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങള്‍ ഉൾപ്പെട്ട കേസിലെ പ്രതിയായ ആസാം സ്വദേശി ലാല്‍ചാന്‍ ഷേഖി(53)നെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ ഒന്നാം പ്രതി നസീദുല്‍ ഷേഖ് (21) ചെറുവണ്ണൂര്‍ ശാരദാമന്ദിരത്തിനടുത്ത് വാടകയ്ക്കു താമസിച്ചിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് 2023 ഒക്ടോബറില്‍ കടത്തിക്കൊണ്ട പോയി ലൈംഗികവൃത്തിക്കായി ഹരിയാനയിലുള്ള ഇയാളുടെ പിതാവ് ലാല്‍ചാന്‍ ഷേഖിനു കൈമാറുകയായിരുന്നു.
ലാല്‍ചാന്‍ ഷേഖ് 25,000 രൂപയ്ക്ക് ഹരിയാനയിലുള്ള മൂന്നാം പ്രതി സുശീല്‍ കുമാ(35)റിന് പെൺകുട്ടിയെ വിറ്റു. ഈ കേസിലെ ഒന്നും മൂന്നും പ്രതികളായ നസീദുല്‍ ഷേഖ്, സുശീല്‍ കുമാര്‍ എന്നിവ നേരത്തെ അറസ്റ്റിലായിരുന്നു.
പെണ്‍കുട്ടിയെ ലൈംഗികവൃത്തിക്കായി വില്പന നടത്തിയ രണ്ടാം പ്രതിയെ അന്വേഷിച്ചു നല്ലളം പോലീസ് കഴിഞ്ഞമാസം വീണ്ടും ആസാമിലേക്കു പുറപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ പോയ പ്രതിയെ അന്വേഷിക്കുന്നതിനിടയില്‍ പ്രതി കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചു.
മറ്റൊരു അന്വേഷണ സംഘം കര്‍ണാടകയിലേക്ക് പോയി. കര്‍ണാടകത്തില്‍ പ്രതി പോകാനും ജോലിചെയ്യുവാനും സാധ്യതയുള്ള നിരവധി എസ്റ്റേറ്റുകളും അവിടെ ജോലിചെയ്യുന്ന ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ രേഖകളും പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അവസാനം ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം പോകുന്ന ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിനോട് ചേര്‍ന്നുള്ള ചിക്കംമഗളൂരിലെ സിന്ജിഗാനേഖാന് കാപ്പി എസ്റ്റേറ്റില്‍ അന്വേഷണ സംഘം എത്തുകയും അവിടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അതി സാഹസികമായി പിടികൂടുകയുമായിരുന്നു.