ഐഎസ്എല്‍ ഫ്രീസറില്‍!
Saturday, July 12, 2025 1:20 AM IST
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫ്രീസറില്‍! സെപ്റ്റംബറില്‍ ആരംഭിക്കേണ്ട 2025-26 സീസണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്കു മാറ്റിയത്.
ഓള് ഇന്ത്യ ഫെഡറേഷനും (എഐഎഫ്എഫ്) ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായുള്ള (എഫ്എസ്ഡിഎല്‍) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും സ്റ്റാര്‍ സ്പോര്ട്സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് എഫ്എസ്ഡിഎല്‍. അടുത്ത സീസണ് നടക്കാനുള്ള സാധ്യത കുറവാണെന്ന് എഫ്എസ്ഡിഎല്‍ ക്ലബ്ബുകളെയും എഐഎഫ്എഫിനെയും അറിയിച്ചതായാണ് വിവരം.
2010ലെ കരാറനുസരിച്ച് എഫ്എസ്ഡിഎല്‍ വര്‍ഷം 50 കോടി രൂപ ഫെഡറേഷന് നല്‍കിയിരുന്നു. നിലവിലെ കരാര്‍ ഈ വര്‍ഷം ഡിസംബര്‍ എട്ടിന് അവസിനാക്കും. കരാര്‍ പുതുക്കാന്‍ ഇതുവരെ എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തയാറായിട്ടില്ല.
എഐഎഫ്എഫിന്റെ കേസുകള്‍ കോടതിയില്‍ തുടരുന്നതും ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശവും കരാര്‍ പുതുക്കുന്നതിന് തടസമായി.
ഐ ലീഗിനെ വെട്ടി ഒന്നാം ഡിവിഷനായി
2014ല്‍ ആരംഭിച്ച ഐഎസ്എല്‍ 2019ല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനായി അവരോധിക്കപ്പെട്ടു. അതുവരെ ഐ ലീഗായിരുന്നു ഒന്നാം ഡിവിഷന് ക്ലബ് പോരാട്ടം. ഐഎസ്എല്ലിന്റെ മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് ഡിസംബറില്‍ അവസാനിക്കുമെന്നതിനാല്‍ ഐഎസ്എല്ലിനെ 2025-26 സീസണ് കലണ്ടറില്‍നിന്ന് എഐഎഫ്എഫ് ഒഴിവാക്കിയിരുന്നു. കരാര്‍ പുതുക്കാനും ചര്‍ച്ചകള്‍ക്കുമായി ഏപ്രിലില്‍ എഐഎഫ്എഫ് എട്ട് അംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ എങ്ങും എത്തിയില്ല.
അതേസമയം, ഡ്യൂറന്‍ഡ് കപ്പ് (ജൂലൈ 7-ഓഗസ്റ്റ് 23), സൂപ്പര്‍ കപ്പ്/ഫെഡറേഷന് കപ്പ് (സെപ്റ്റംബര്‍ 1-20), ഐ ലീഗ് (ഒക്ടോബര്‍ 10-ഏപ്രില്‍ 30), സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് (ജനുവരി 1-20) ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ എഐഎഫ്എഫ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ക്ലബ്ബുകളും നിശ്ചലം
കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ബംഗളൂരു എഫ്സി, ചെന്നൈയിന് എഫ്സി, ഒഡീഷ എഫ്സി, മുംബൈ സിറ്റി, ഹൈദരാബാദ് എഫ്സി ടീമുകള്‍ ഇതിനോടകം 2025-26 പ്രീ സീസണ് മുന്നൊരുക്കങ്ങള്‍ വേണ്ടെന്നുവച്ചിരിക്കുകയാണ്. അതുപോലെ 2025 സീസണ് ഡ്യൂറന്‍ഡ് കപ്പില്‍നിന്നു പിന്മാറുകയും ചെയ്തു. നടക്കുമോ ഇല്ലയോ എന്നറിയാത്ത ഐഎസ്എല്‍ സീസണിനായി പണം മുടക്കേണ്ടെന്ന തീരുമാനമാണ് ഈ ക്ലബ്ബുകളെ നിലവില്‍ നിശ്ചലമാക്കിയിരിക്കുന്നത്.
കാണികൾ കുറഞ്ഞു
2014ലെ പ്രഥമ ഐഎസ്എല്‍ സീസണില്‍ ഉണ്ടായിരുന്നത് എട്ട് ടീമുകള്‍. ഓരോ മത്സരത്തിലും ഗാലറിയില്‍ എത്തിയ ശരാശരി കാണികള്‍ 25,408. എന്നാല്‍, 2024-25 സീസണില്‍ അത് 11,804ലേക്ക് കൂപ്പുകുത്തി. ലൈവ് മത്സരം കാണുന്ന ആരാധകരുടെ എണ്ണത്തിലും ഈ കുറവുണ്ട്.
2014ല്‍ ഐഎസ്എല്‍ ടിവിയില്‍ കണ്ടവരുടെ എണ്ണം 42.9 കോടി. എന്നാല്‍, 2024-25 സീസണില്‍ ടിവിയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുമായി ഐഎസ്എല്‍ കണ്ടവര്‍ 13 കോടി മാത്രം.